VISITORS

Sunday, October 16, 2016

എ ആർ, മന്ത്‌ മറ്റേക്കാലിലാണ്‌, സാർ!

എ ആർ, മന്ത്‌ മറ്റേക്കാലിലാണ്‌, സാർ!
സി മുഹമ്മദ്‌ അജ്മല്‍
കെ എം ഷാജി എം എല്‍ എ യുടെ മാതൃഭൂമിയിലെ ലേഖനത്തിന് വിശദമായ ഒരു മറുപടി ഇന്നത്തെ (16-10-2016 ഞായര്‍) മാധ്യമത്തില്‍ കണ്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ മൊത്തക്കുത്തക സലഫി പ്രസ്ഥാനങ്ങളുടെ തലയില്‍ വെച്ച് കെട്ടാന്‍ എഴുതിക്കൂട്ടിയ കള്ളങ്ങള്‍ "ഇസ്ലാമിക" പ്രസ്ഥാനങ്ങളുടെ അന്തമില്ലാത്ത പ്രവര്‍ത്തകരെ രോമാഞ്ചം കൊള്ളിക്കാന്‍ കൊള്ളാം!
1)അമുസ്ലിം ബുദ്ധി ജീവികളെയും സാംസ്കാരിക നേതാക്കന്മാരെയും ജമാഅത്തെ ഇസ്ലാമി പങ്കെടുപ്പിച്ചതിനെ എതിര്‍ത്തത് കേരളത്തിലെ സലഫികളാണത്രേ!
കാലങ്ങള്‍ക്ക്മു മുന്‍പുള്ള മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളില്‍ അടക്കം സാംസ്കാരിക-രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട് എന്നതിന് കേരളജനത സാക്ഷിയാണ് എന്നിരിക്കെ എങ്ങനെയാണ്
ഇത്തരം കല്ല്‌ വെച്ച നുണകള്‍ എഴുതി വിടാന്‍ മാധ്യമത്തിനു കഴിയുന്നത്? അമ്പലങ്ങളില്‍ അടക്കം ഇസ്ലാമിനെ പ്രതിനിധീകരിച്ചു സംസാരിക്കാന്‍ ഇന്നും ഇതര സമുദായാംഗങ്ങള്‍ ക്ഷണിക്കുന്നത് സലഫികളെയാണ് എന്നത് ശ്രദ്ധേയമാണ്! ദേശീയ പ്രസ്ഥാനത്തില്‍ മുസ്ലിം ലീഗിലും കൊണ്ഗ്രസിലും നിരവധി അമുസ്ലിങ്ങളുമായി ചേര്‍ന്ന് നിന്ന് രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളായ സലഫികളെ കുറിച്ച് അവയോടെല്ലാം മുഖം തിരിഞ്ഞു നിന്ന ജമാഅത്തെ ഇസ്ലാമി ഇത് തന്നെ പറയണം!
2) സൗദിയിലെയും ഗള്‍ഫിലെയും സലഫികളുടെ സംഭാവന കേരളാ സലഫികള്‍ സ്വീകരിക്കുന്നു.. അവരെ തള്ളിപ്പറയുന്നില്ലെന്ന് എ ആര്‍!
സലഫികളോട് കൊടും വിരോധം പ്രഖ്യാപിക്കുകയും നരേന്ദ്ര മോഡിയോട് ഒട്ടിച്ചേർന്ന് സലഫി പ്രസ്ഥാനത്തെ തകർക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തിട്ടുള്ള ലോക സൂഫി നേതാവ് സാക്ഷാൽ കാന്തപുരം അബൂബക്കർ മുസലിയാർ സലഫിയ്യത്തിനെ ഔദ്യോഗികമായി പിന്തുണക്കുന്ന സൗദി ഭരണാധികാരികളുടെയും ഹറം ഇമാമുമാരുടെയും കൂടെയുള്ള ഫോട്ടോ പ്രദർശിപ്പിച്ച് സായൂജ്യമടയാറുണ്ട്.
അടുക്കള വഴിക്കാണെങ്കിലും സൗദി അമീറുമാരോടും വഹാബികളായ ഹറം ഇമാമുമാരോടും അടുപ്പം കൂടി വല്ലതും കയ്യിലാക്കാൻ കഴിയുമോ എന്ന് കാന്തപുരം നോക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. സലഫികളാണ് തീവ്രവാദത്തിനു പിന്നിൽ എന്ന് വരുത്താൻ പാട് പെടുന്ന ജമാഅത്തെ ഇസ്‌ലാമിയും സൗദി അറേബ്യയയിൽ തികഞ്ഞ സലഫി ഭക്തരാണ്. സൗദി അറേബ്യയയിൽ നിന്ന് ഏറ്റവും കൂടുതൽ സഹായങ്ങൾ ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത് ജമാഅത്ത്കാര്‍ക്കാണ് എന്നത് ഒരു സത്യമാണ് .
80 കളുടെ തുടക്കത്തിൽ സൗദി അറേബ്യയിൽ സലഫി കേന്ദ്രമായ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിൽ പഠിച്ച് കേരളത്തിലേക്ക് തിരിച്ചു വന്ന ഹുസ്സൈൻ മടവൂർ ആണ് സൗദിയിലെ സലഫി കേന്ദ്രങ്ങളുമായി ഏറ്റവും അടുപ്പം പുലർത്തുന്ന കേരളത്തിലെ മതപണ്ഡിതൻ. ഉണ്ണീൻ കുട്ടി മൗലവി ഉൾപ്പെടെയുള്ള നേതാക്കൾ ഈയിടെ സൗദിയിലെ സലഫി കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ വിവരങ്ങൾ ഫോട്ടോ അടക്കം അവർ തന്നെ പ്രസിദ്ധീകരിച്ചതാണ്. സൗദി ഗ്രാൻഡ് മുഫ്തി ഉൾപ്പെടെയുള്ള പ്രമുഖരെ ഔദ്യോഗികമായി സന്ദർശിച്ച പ്രമുഖ ഖുര്‍ആന്‍ പരിഭാഷകന്‍ കുഞ്ഞി മുഹമ്മദ്‌ പറപ്പൂര്‍ അടക്കമുള്ള നേതാക്കളുടെ വാർത്തകളും വായിക്കാൻ അവസരമുണ്ടായിട്ടുണ്ട്.
സലഫികളെ കേരളത്തിൽ നിശിതമായി വിമർശിക്കുന്ന സൂഫി പണ്ഡിതന്മാരായ സമസ്‌ത നേതാക്കൾ സഊദി സലഫി കേന്ദ്രങ്ങൾ കയറിയിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. സമസ്‌ത ജനറൽ സെക്രട്ടറി ആലി കുട്ടി മുസ്‌ലിയാർ തന്റെ പിരിവിന്റെ ബാഗുമായി റാബിത്ത മുതൽ ചെറുകിട കേന്ദ്രങ്ങൾ വരെ കയറിയിറങ്ങുന്ന കാഴ്ച പ്രവാസികൾ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.
സലഫിയ്യത് അഥവാ സലഫിസമാണ് പ്രശ്‍നം എന്ന് എല്ലാവരും പറയുന്നു. "പ്രമുഖ ബുദ്ധിജീവിയും ചാനൽ വിശാരദനുമായ" അശ്റഫ് മൗലവി കടയ്ക്കൽ മുതൽ മുജീബ് റഹ്‌മാൻ കിനാലൂർ , അബ്ദുൽ മജീദ് സ്വലാഹി, ഡോ : ഫസൽ ഗഫൂർ , ഹമീദ് ഫൈസി അമ്പലക്കടവ് , ഹമീദ് ചേന്ദമംഗലൂർ , കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ,റാം ജെത്മലാനി , മുന്‍ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു ഉൾപ്പടെ എല്ലാവരുടെയും അഭിപ്രായം ഒന്നുതന്നെ. സലഫിയ്യത്തിന്റെ കേന്ദ്രമാണെങ്കിൽ സഊദി അറേബ്യയയും.
സത്യത്തിൽ സലഫികളോടും സലഫി കേന്ദ്രങ്ങളോടും അടുപ്പമുണ്ടാക്കാൻ വേണ്ടി പരിശ്രമിക്കുന്നതിലും സലഫികളെ വാഴ്ത്തുന്നതിലും പരസ്പരം മത്സരിക്കുന്നവരാണ് കേരളത്തിലെ എല്ലാ ഗ്രൂപ്പുകളും. സൗദിയിൽ പോയി സലഫികളോട് ഒന്നിച്ച് നിൽക്കുകയും കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ട്രെൻഡ് അനുസരിച്ച് സലഫികളെ തള്ളിപ്പറയുകയുമാണ് ഈ കാണുന്ന മിക്ക ഗ്രൂപ്പുകളും.
സൗദി അറേബ്യയുടെ ആനുകൂല്യങ്ങൾക്കായി സലഫികളെ വാഴ്ത്തുന്ന എത്രയോ ജമാഅത്തുകാർ വേറെയുമുണ്ട്.
ഇരട്ടമുഖമാണ് ജമാഅത്തുകാരുടെ മുഖമുദ്ര. കേരളത്തിലുടനീളം പള്ളികളും സ്ഥാപനങ്ങളുമുള്ള ജമാഅത്തെ ഇസ്ലാമിക്ക് നയാ പൈസ പോലും വിദേശ സലഫികളില്‍ നിന്ന് വാങ്ങിയിട്ടില്ല എന്ന് പറയാന്‍ കഴിയുമോ- വെല്ലുവിളിയായി എടുക്കാം!
ശാന്തപുരം ജാമിഅയിലേക്ക് മാത്രം സൌദിയില്‍ നിന്ന് വന്‍ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട് എന്ന വസ്തുത നിഷേധിക്കാന്‍ മാധ്യമത്തിനു കഴിയുമോ? ശാന്തപുരത്ത് ഖുര്‍ആന്‍ കോളേജ് ഡയറക്ടര്‍ ആയിരുന്ന ലോക പ്രസിദ്ധ ഇഖ്വാനി പണ്ഡിതന്‍ ഡോ.ഇനായതുള്ള സുബ്ഹാനിയെ സൌദി ഫണ്ട് കിട്ടാന്‍ വേണ്ടി മാത്രം പുറത്താക്കിയ ജമാഅത്തെ ഇസ്ലാമിയുടെ ചാരിത്ര്യ പ്രസംഗം ഗംഭീരമായിട്ടുണ്ട്!
3)ഗള്‍ഫ് സലഫിസതിന്റെ ഇറക്കുമതി എന്ന സ്ഥിരം വിമര്‍ശനം..
കേരളത്തിലെ സലഫികൾ ഗൾഫ് സലഫിസവും/ സൗദി സലഫിസവും ഇറക്കുമതി ചെയ്തതോടെയാണ് മുജാഹിദ് പ്രസ്ഥാനം അപചയങ്ങളുടെ പടുകുഴിയിൽ വീണത് എന്ന പല കോണുകളിൽ നിന്നുമുള്ള സ്ഥിരം വിമർശനം ലേഖകനും വരികൾക്കിടയിൽ കൊണ്ട് വരുന്നുണ്ട്. ഗൾഫ് സലഫിസവും/ സൗദി സലഫിസവും സ്വമേധയാ പ്രശ്നമാണല്ലോ. ഗൾഫ് സലഫിസവും കേരളത്തിലെ സലഫി സംഘടനകളും എങ്ങനെ വ്യത്യസ്തപ്പെട്ടിരുന്നു എന്ന് ലേഖകൻ വ്യക്തമാക്കാമോ? ഓരോ നാടിനും കാലഘട്ടത്തിനും അനുസൃതമായി വ്യത്യസ്ത നിലപാടുകൾ ഉണ്ടാവുമെന്നത് ലേഖകന് അറിയാത്തതല്ലലോ. അതൊക്കെ വ്യത്യസ്ത വായനകളാണ് എന്ന് വരുത്തിതീർക്കുന്നത് കേരളത്തിലെ സലഫികൾ 'ഗൾഫ്/ സൗദി സലഫിസ' ഇറക്കുമതി ചെയ്തു എന്ന ഒറ്റ വാചകം ഒരുപാട് ആരോപണങ്ങളെ സാധൂകരിക്കും എന്നുള്ളത് കൊണ്ടാണ്. സൗദി സലഫിസം എന്ന പ്രയോഗം നടത്തി സൗദിയെ അപ്പുറത്ത് നിർത്തുന്നതിൽ മറ്റൊരു രാഷ്ട്രീയം കൂടിയുണ്ടോ എന്ന് ന്യായമായും സംശയിക്കാം. ഇറാൻ ആണ് ജമാഅത്തു ഇസ്ലാമിക്ക് എന്നും ഇസ്ലാമിക രാഷ്ട്രം എന്നത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ വരികള്‍ക്കിടയില്‍ ചില അവിശുദ്ധ ബന്ധങ്ങള്‍ തെളിയുന്നത് കാണാം!
4)ജമാഅത്തെ ഇസ്ലാമിയില്‍ നിന്നല്ല, സലഫികളില്‍ നിന്നാണ് അല്‍ ഖാഇദയ്ക്കും ഐ എസിനും ആളെ കിട്ടിയത്...
അല്‍ ഖാഇദയുടെയും ഐ എസിന്റെയും ആദര്‍ശത്തിന്റെ വേരുകള്‍ എങ്ങോട്ടാണ് ചെന്നെത്തുന്നത് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. താനും തന്റെ അനുയായികളും ഒഴികെയുള്ളവര്‍ ജാഹിലിയ്യത്തില്‍ ആണെന്ന്‍ വിധിയെഴുതി മൊത്തം മുസ്ലിം സമുദായത്തെ തക്ഫീര്‍ ചെയ്ത സയ്യിദ് ഖുതുബിന്റെ അതേ ചിന്താധാര തന്നെയാണ് അല്‍ ഖാഇദയും ഐസിസും അടക്കമുള്ള ആധുനിക തക്ഫീറി-ഖവാരിജ് സംഘങ്ങള്‍ പിന്തുടരുന്നത് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. സയ്യിദ് ഖുത്ബിന്റെ ആശയങ്ങള്‍ സൌദിയില്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച സഹോദരന്‍ മുഹമ്മദ്‌ ഖുതുബിന്റെ ക്ലാസുകളിലെ പഠിതാക്കള്‍ ആയിരുന്നു അല്‍ ഖാഇദയിലെ ഒന്നാമനും രണ്ടാമനും ആയിരുന്ന ഉസാമ ബിന്‍ ലാദനും അയ്മന്‍ അല്‍ സവാഹിരിയും എന്നെഴുതി വെച്ചത് അസിസ്ടന്റ്റ് അമീര്‍ ഷെയ്ഖ്‌ മുഹമ്മദ്‌ കാരക്കുന്ന് സാഹിബ് എഡിറ്റര്‍ ആയ ഇസ്ലാമിക വിജ്ഞാനകോശം Vol -7ല്‍ ആണ്. ചെറുപ്പത്തിലേ സൌദി പൌരത്വം വലിച്ചെറിഞ്ഞു ഇഖ്വാനി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഉസാമ ബിന്‍ ലാദന്റെ പ്രചോദനം ആരായിരുന്നു എന്നാ ഒറ്റക്കാര്യം ചിന്തിച്ചാല്‍ മതി- ആധുനിക ഇസ്ലാമിക ലോകത്ത് തക്ഫീരിന്റെയുംവിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ബീജവാപത്തിന്റെ സ്ത്രോതസ്സുകള്‍ തിരിച്ചറിയാന്‍!
സയ്യിദ് ഖുതുബ് ലോക മുസ്ലിങ്ങളെ മുഴുവന്‍ തക്ഫീര്‍ ചെയ്തു എന്ന് തുറന്നു സമ്മതിച്ച് 2004ല്‍ "ഹല്‍ യുകഫ്ഫിര്‍ സയ്യിദ് ഖുതുബ് മുസ്ലിം അല്‍ യൌം?" എന്ന ലേഖനം രചിച്ചത് ഇഖവാനിന്റെ ഇന്നത്തെ അനിഷേധ്യ നേതാവായ യുസുഫ് അല്‍ ഖര്‍ദാവിയാണ്. ഭരണാധികാരത്തെ അട്ടിമറിക്കാന്‍ , അനിസ്ലാമിക ഭരണകൂടങ്ങള്‍ക്കെതിരെ വിപ്ലവം നയിക്കാന്‍, ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ചോരപ്പുഴയൊഴുക്കാന്‍ ആഹ്വാനം ചെയ്ത സയ്യിദ് ഖുതുബിന്റെ ആശയങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്ന് പ്രഖ്യാപിക്കാന്‍ കേരള ജമാഅത്തെ ഇസ്ലാമിക്ക് ആകുമോ?"വഴിയടയാളങ്ങള്‍" എന്ന ഖുതുബിന്റെ രചന പൂര്‍ണമായും വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കാന്‍ ഐ പി എച്ചിന് ധൈര്യമുണ്ടോ? അബുബക്കര്‍ ബാഗ്ദാദി എന്ന അഭിനവ ഖലീഫയുടെ ഇഖ്‌വാന്‍ ബന്ധം സ്ഥിരീകരിച്ചതും ഖറദാവി തന്നെ. അങ്ങനെയിരിക്കെ സലഫികലാണ് ഐഎസിന് പിന്നില്‍ എന്ന് ആരോപണം ഉന്നയിക്കാനുള്ള തൊലിക്കട്ടി എവിടെ നിന്ന് കിട്ടി?
പാശ്ചാത്യ സൃഷ്‌ടിയായ ഐ എസ് ഏറ്റവും അധികം നാശം വിതച്ചത് അമേരിക്കയിലോ ഇസ്രായേലിലോ അല്ലാ, മറിച്ച് ഇസ്‌ലാമിക രാജ്യങ്ങളിലാണ് എന്നോർക്കണം. സലഫികൾ ഒന്നടങ്കം ഈ ക്രൂരതയ്‌ക്കെതിരെ പൊരുതുന്നവരാണ്. ഐ എസിനെതിരെ പൊരുതൽ ഒരു മുസ്ലിമിന്റെ ഒന്നാമത്തെ ബാധ്യതയാണ് എന്നാണു പ്രമുഖ സലഫി പണ്ഡിതർ ഒന്നടങ്കം പ്രഖ്യാപിച്ചിട്ടുള്ളത്. ഐ എസിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നത് തന്നെ സലഫി ആശയധാരയുള്ള സൗദി അറേബ്യയാണ്.ഐ എസിനെതിരെ പോരാടൽ ഒരു മുസ്ലിമിന്റെ ബാധ്യതയാണ് എന്ന് പ്രഖ്യാപിച്ചത് ലോക സലഫി പണ്ഡിതൻ ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് ആണ്.
ഐ.എസിന്റെ പിന്നിൽ സൗദി ഭരണകൂടമാണെന്ന് റൂമിയെ കൂട്ടുപിടിച്ച് ഇടതു പക്ഷ പ്രസിദ്ധീകരണമായ മുഖ്യധാരയിൽ 2016 ഫെബ്രുവരിയിൽ ഒ.അബ്ദു റഹ്മാൻ അഭിമുഖം കൊടുത്തു. എന്നാൽ 6/10/16 നു ഐ.എസിനെ പരാമർശിക്കവേ മാധ്യമം എഡിറ്റോറിയലിൽ ഇങ്ങനെ എഴുതി- "സൗദി അറേബ്യയും തുർക്കിയും അവരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ പാതയിലാണ്."
ഇതിൽ ഏതാണ് സത്യം? എ.ആർ വിശദീകരിക്കുമല്ലോ?
യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജമാഅത്തെ ഇസ്ലാമി ശക്തമായ ഒരാദര്‍ശ പ്രതിസന്ധിയിലാണ്. ആളുകളെ ആവേശം കൊള്ളിച്ച് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ ഉപയോഗിച്ച സയ്യിദ് ഖുതുബിനെയാണോ അതോ ഇഖവാനുല്‍ മുസ്ലിമീന്റെ ആധുനിക മുഖമായ ഖറദാവിയെ ആണോ സ്വീകരിക്കേണ്ടത് എന്ന പ്രശ്നം! തങ്ങളുടെ ഐഎസ് വിരുദ്ധ ക്യാംപയ്നുകളില്‍ തെല്ലെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ ജമാഅത്തെ ഇസ്ലാമി ചെയ്യേണ്ടത് യുസുഫുല്‍ ഖറദാവി ചെയ്ത പോലെ സയ്യിദ് ഖുതുബിനെ തള്ളിപ്പറയുകയും തങ്ങള്‍ പലതും വെട്ടി മാറ്റി പുറത്തിറക്കിയ ഖുതുബ് കൃതികളുടെ പൂര്‍ണ രൂപം ആളുകളെ കാണിക്കുകയും പ്രസാധനം നിര്‍ത്തി വെക്കുകയും ചെയ്യുക എന്നതാണ്.
5) ഹാകിമിയ്യ സംസ്ഥാപനം എന്നത് സാമ്പ്രദായിക സലഫിസതിന്റെ ആശയമാണോ?
സാമ്പ്രദായിക സലഫിസം ചെന്നെത്തേണ്ടത് മൌലാനാ ആസാദിലും ഷാ വലിയ്യുള്ള ദഹ്ലവിയിലും ആണ് എന്ന
മാധ്യമത്തിന്റെ കണ്ടുപിടുത്തം ഭയങ്കരം തന്നെ! സലഫുകള്‍ എന്നാല്‍ സ്വഹാബികളും താബിഉകളും അവരെ പിന്തുടര്‍ന്നവരും ആണ് എന്നത് മാധ്യമത്തിനു അറിയാത്തതോ അതോ ബോധപൂര്‍വം മറച്ചു വെച്ചതോ? ഭരണമില്ലാതെ ദീന്‍ നിലനില്‍ക്കില്ല എന്ന മൌദൂടിയന്‍ ആശയം വെച്ച് പുലര്ത്തിയിരുന്നവര്‍ ആയിരുന്നോ ഇവര്‍ ആരെങ്കിലും? അനിസ്ലാമിക ഭരണങ്ങളെ അട്ടിമറിക്കാന്‍ മൌലാനാ ആസാദ് ആഹ്വാനം ചെയ്തിട്ടുണ്ടോ? വോട്ടെടുപ്പും ജനാധിപത്യവും ശിര്‍ക്കും കുഫ്രുമാണ് എന്ന് പറഞ്ഞു മാറി നിന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അതേ ആശയമായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൌലാന അബുല്‍ കലാം ആസാദിന് എന്ന് പറയുന്നത് തന്നെ എത്രമാത്രം വൈരുദ്ധ്യാത്മകമാണ്?
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ കൂടെ നടന്ന സലഫി പ്രസ്ഥാനത്തിന്റെ നേതാക്കളെ കൂട്ട് പിടിച്ചു തങ്ങളുടെ പിഴച്ച വാദം സ്ഥാപിക്കാം എന്നത് വ്യാമോഹമാണ് എന്ന് ഒരു കാലത്ത് സ്വാതന്ത്ര്യ സമരത്തോട് പുറം തിരിഞ്ഞു നിന്ന "ഇസ്ലാമിക" പ്രസ്ഥാനം ആലോചിക്കുന്നത് നന്ന്.
1300 വര്‍ഷത്തെ ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തിന് പരിചിതമല്ലാത്ത വാദത്തെ അവതരിപ്പിച്ച മൌദൂദിയുടെ ആശയങ്ങള്‍ സാമ്പ്രദായിക സലഫി ആശയങ്ങള്‍ക്ക് അനുസൃതമാണ് എന്ന വാദം സ്ഥാപിക്കണമെങ്കില്‍ സലഫുകളില്‍ പെട്ട- അതായത് ആദ്യ മൂന്നു നൂറ്റാണ്ടിലെ സച്ചരിതരില്‍ പെട്ട - ഏതു സഹാബിയാണ്, പണ്ഡിതനാണ് ഈ ആദര്‍ശം വെച്ചു പുലര്‍ത്തിയത് എന്ന് പറഞ്ഞു തന്നാല്‍ കൊള്ളാം..
6) മൌദൂദിയുടെ "മൂല്യാധിഷ്ടിത ജനാധിപത്യം", ലേഖകന്റെ വെപ്രാളം!
ഖുതുബിന്റെ കാര്യത്തില്‍ എന്ന പോലെ മൌദൂദിയുടെ കാര്യത്തിലും വലിയൊരു പ്രതിസന്ധിയിലാണ് കേരള ജമാഅത്തെ ഇസ്ലാമി. തള്ളണോ കൊള്ളണോ എന്നറിയാത്ത അവസ്ഥ! എന്നാല്‍ മൌദൂദി പറഞ്ഞു വെച്ച "ദൈവിക മാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥ"യില്‍ "ദൈവികം" വിഴുങ്ങുകയും "ജനപ്രാതിനിധ്യ വ്യവസ്ഥ" മാത്രം എടുത്തു പറയുകയും ചെയ്യുന്ന ലേഖകന്റെ ഗതികേടില്‍ സഹതാപമുണ്ട്. ആധുനിക മതേതര ദേശീയ ജനാധിപത്യത്തില്‍ സ്ഥാനങ്ങള്‍ വഹിക്കുന്നത് തിരുദൂതനോടുള്ള വഞ്ചനയാണ് എന്ന് എഴുതിയ മൌദൂദിയെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക് അംഗീകരിക്കാനുള്ള വൈക്ലബ്യം മനസ്സിലാക്കാവുന്നതേയുള്ളൂ..ഇനി അദ്ദേഹം ഉദ്ദേശിച്ചത് യൂറോപ്യന്‍ മതേതരത്വത്തെ ആണെങ്കില്‍ ഇന്ത്യന്‍ മതെതരത്വതിനുള്ള പ്രത്യേക ഇസ്ലാമിക വിധി എങ്ങനെ ലഭിച്ചു എന്ന് മനസ്സിലാക്കി തന്നാല്‍ കൊള്ളാം!
ഭരണമില്ലാത്ത ദീനിനെ സാങ്കല്‍പ്പികമായ വീടിനോടുപമിച്ച, ജമാഅത്തായി നമസ്കരിക്കുന്നത് ഭരണകൂടം നടത്താനുള്ള പരിശീലനമാണ് എന്ന് വിളമ്പി ഇസ്ലാമിക ആരാധനകളുടെ ചൈതന്യം കെടുത്തിയ മൌദൂദിയുടെ ആശയധാരകളില്‍ നിന്നാണ് സിമിയും എന്‍ഡിഎഫും അടക്കമുള്ള സംഘടനകള്‍ രൂപം കൊണ്ടത് എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. ജമാഅത്തെ ഇസ്ലാമിയുടെ "അഗ്നിശുദ്ധി"യെ കുറിച്ച് വാചാലനാകുന്ന ലേഖകന്‍, ഇന്നും നിരോധിക്കപ്പെട്ട "സിമി" എന്ന തങ്ങളുടെ അവിഹിത സന്തതിയെ മനപ്പൂര്‍വം മറന്നതാണോ? ഭരണകൂടത്തിന്റെ സംസ്ഥാപനമില്ലാതെ ദീന്‍ നിലനില്കില്ല എന്ന ആദര്‍ശം ഇനിയും ബാക്കിയുണ്ടോ എന്ന് ജമാഅത്ത് നേതൃത്വം വ്യക്തമാക്കണം. അതല്ല, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്‌ഷ്യവും മൌദൂദിയന്‍ രാഷ്ട്ര സ്ഥാപനമാണോ?
മുജാഹിദുകളുടെ മുൻഗാമികൾ കെ എം മൗലവിയും, കെ എം സീതി സാഹിബും, ഇ മൊയ്‌ദു മൗലവിയുമൊക്കെ ആണ്. ഈ നാട്ടിൽ അവർ ഈ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തവരാണ്. ജമാഅത്തുകാർ അന്ന് അവരെ മുശ്‌രിക്കുകളും കാഫിറുകളും ആക്കുകയായിരുന്നു. ലാത്തക്ക് പകരം മനാത്തയെ വരുത്തുന്ന ബ്രിട്ടീഷ് ഏകാധിപത്യത്തിനു പകരം ഇന്ത്യൻ ജനാധിപത്യമാകുന്ന ശിർക്കിനെയും കുഫ്‌റിനെയും പ്രതിഷ്ഠിക്കുന്നവർ എന്നാണ് നിങ്ങൾ സലഫികളെ ആക്ഷേപിച്ചത്. ജമാഅത് സാഹിത്യങ്ങളിലും പ്രബോധനം വാരികയിലുമെല്ലാം എഴുതി കൂട്ടിയത് ഇവിടെ നിലനിൽക്കുന്നുണ്ട്. ഓരോന്നായി വേണമെങ്കിൽ നമുക്ക് വിശകലനം ചെയ്യാം.
ഒരു മുസ്ലിമിന് ഇസ്ലാമിക ഭരണമില്ലാത്ത രാജ്യത്തും പൂര്‍ണ മുസ്ലിമായി ജീവിക്കാം എന്ന് ഇക്കാലമത്രയും പ്രബോധനം ചെയ്ത, ദേശീയ ജനാധിപത്യത്തില്‍ സക്രിയമായി ഇടപെട്ട് സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും ഉന്നമനത്തിനായി പരിശ്രമിച്ച, ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ ദേശീയ പ്രസ്ഥാനതോടൊപ്പം ചേര്‍ന്ന് നിന്ന സലഫി പ്രസ്ഥാനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍, ഒരു കാലത്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ശിര്‍ക്കായിരുന്ന, ഇന്ത്യക്ക് ജനാധിപത്യ മതനിരപേക്ഷ ഭരണകൂടം നിലവില്‍ വരുന്നതിനെ ലാത്ത പോയി മനാത്ത വന്നു എന്ന് വിശേഷിപ്പിച്ച ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത് കാണുമ്പോള്‍, വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് വിശേഷിപ്പിക്കാനെ നിര്‍വാഹമുള്ളൂ.
മുസ്ലിം സമൂഹം ഒറ്റക്കെട്ടായി വിമര്‍ശകരെ നേരിടേണ്ട സന്ദര്‍ഭത്തില്‍ കുളം കലക്കി മീന്‍ പിടിക്കുന്നത് ജമാഅത്തെ ഇസ്ലാമി നിര്‍ത്തണം. ഒരിടത്ത് സമുദായ സംഘടനകള്‍ ഒരുമിച്ച് നിന്ന് തീവ്രവാദത്തെ നേരിടണം എന്ന് ഗീര്‍വാണ പ്രസംഗം നടത്തുകയും , ഒന്നിപ്പിന്റെ സ്വരമായി സ്വയം സമുദായത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയും, മറുഭാഗത്ത് മാധ്യമവും പ്രബോധനവും ഉപയോഗിച്ച് സലഫികളെ തീവ്രവാദികളാക്കുകയും ചെയ്യുന്ന "വെടക്കാക്കി തനിക്കാകുക" എന്ന ജമാഅത്തെ ഇസ്ലാമിയുടെ ദ്വിമുഖം മുസ്ലിം സമുദായത്തിന് മനസ്സിലാവുക തന്നെ ചെയ്യും! കേരളത്തെ ജമാഅത്തെ ഇസ്ലാമിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഒരിക്കലും സലഫി പ്രസ്ഥാനം ആഗ്രഹിക്കുന്നില്ല. തങ്ങളുടെ പ്രവൃത്തികളില്‍ നിന്ന് മൌദൂദിയെയും ഖുതുബിനെയും തള്ളിക്കളഞ്ഞ ജമാഅത്തെ ഇസ്ലാമി ആശയങ്ങളില്‍ നിന്ന് കൂടി അവരെ തള്ളേണ്ടതുണ്ട്. അതിനാൽ ആരിഫലി അമീറായപ്പോൾ നിലപാടെടുത്ത പോലെ മൗദൂദിയെ അന്ധമായി ന്യായീകരിക്കാതെ സമുദായ ഐക്യത്തിന്റെ പാതയിലേക്ക് ജമാഅത്ത് കടന്നു വരണം.
അവസാനമായി ജമാഅത് ഒരു കാര്യം വ്യക്തമാക്കണം. മറ്റു മുസ്ലിം രാഷ്ട്രീയ പാർട്ടികളുടെയും മുസ്ലിം മതസംഘടനകളുടെയും രാഷ്ട്രീയ വീക്ഷണത്തിൽ നിന്ന് ജമാഅത്തെ ഇസ്ലാമി എങ്ങനെ വ്യത്യാസപ്പെടുന്നു എന്നത്. ഈയടുത്ത പ്രബോധനത്തിൽ റാഷിദ് ഗനൂശിയുടേതായി വന്ന അഭിമുഖത്തില്‍ മൗദുദിയൻ/ഖുതുബിയന്‍ രാഷ്ട്രീയവീക്ഷണത്തെ തള്ളിക്കളഞ്ഞത്തിലൂടെ ഇത്രയും കാലം മുസ്ലിം ലീഗും മുജാഹിദ് പ്രസ്ഥാനവും പുലര്‍ത്തിപ്പോന്ന രാഷ്ട്രീയ വീക്ഷണങ്ങളെ ശരി വെക്കുകയല്ലേ ചെയ്തത്? ജമാഅത് ഇസ്ലാമിയുടെ ലക്‌ഷ്യം എന്താണ്? മൂല്യാധിഷ്ഠിത ജനാധിപത്യത്തിന്റെ സംസ്ഥാപനമാണോ, അതോ വിദൂരഭാവിയിലാണെങ്കിലും ശരിഅത്ത് നടപ്പിലാവുന്ന ഒരു ഇസ്ലാമിക രാഷ്ട്രം ഇന്ത്യയിൽ കൊണ്ട് വരാനാണോ?
അല്ലാഹു അനുഗ്രഹിക്കട്ടെ